Friday, September 24, 2010

Impulses of Love



ഒരിക്കല്‍
പ്രഭാത നക്ഷത്രവും ഉദയ സൂര്യനും എന്നോട് ചോദിച്ചിരുന്നു
ആരാണ് 'മീനാക്ഷി'? ഞാന്‍ അറിയില്ല എന്ന് പറഞ്ഞു .
മഞ്ഞ റോസപ്പൂക്കളെ തഴുകി വന്ന ഇളം കാറ്റും 
എന്നോട് ചോദിച്ചിരുന്നു "നീ അവളെ പ്രേമിക്കുന്നുവോ? "
എന്‍റെ ഉത്തരം ആദ്യത്തേതു തന്നെ ആയിരുന്നു !

എന്നിട്ട് ഏകാന്തമായ പ്രപഞ്ചത്തോട്‌ ഞാന്‍ പാടി- 

'അവള്‍  എനിയ്ക്കു പ്രണയത്തിന്റെ ആവേഗങ്ങള്‍ ആണ്
സ്വപ്നങ്ങളുടെ സംഗീതവും ഹൃദയത്തിന്റെ തുടിപ്പുകളും ആണ് 
അവള്‍ പരിശുദ്ധിയുടെയും പ്രേമത്തിന്റെയും മൂര്‍ത്തീ ഭാവമാണ് .
അവളുടെ കണ്ണുകള്‍ക്ക്‌ നക്ഷത്രങ്ങളുടെ തിളക്കമുണ്ടെന്ന് എനിക്കറിയാം 
പൊട്ടിചിരികള്‍ക്ക് മഴത്തുള്ളികളുടെ കിലുക്കവും 
അവളുടെ കണ്ണുനീര്‍ തുള്ളികളാണ് എന്‍റെ മുറ്റത്തെ മണ്‍സൂണ്‍ 
എന്നും എനിക്കറിയാം .അത്രമാത്രം !

ഇന്ന് 

അവള്‍ ആകാശ ഗംഗയില്‍ എവിടെയോ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു !
നക്ഷത്രങ്ങളുടെ തിളക്കത്തെയും,മഴത്തുള്ളികളുടെ കിലുക്കവും 
എനിയ്ക്കു തിരിച്ചറിയാന്‍ ആകുന്നില്ല ?

ചിലര്‍ പറയുന്നു അവള്‍ ഒരു നക്ഷത്രമായി മാറിയിരിക്കാം !
ലോകം എന്‍റെ പൂക്കളില്‍ നിന്നും സുഗന്ധത്തെയും,
എന്‍റെ മഴവില്ലില്‍ നിന്നും വര്‍ണ്ണങ്ങളെയും എടുത്തു മാറ്റിയിരിക്കുന്നു .
എന്‍റെ ലോകത്തിന്റെ നിറവും സുഗന്ധവും അവള്‍ മാത്രമായിരുന്നു 
എന്നതല്ലേ സത്യം ?
എന്നിട്ടും എനിയ്ക്കു ചുറ്റും മണ്‍സൂണ്‍ മാത്രം  ഇന്നും പെയ്തൊഴിയുന്നു .
കണ്ണുനീര്‍ എന്‍റെ ആണെന്ന്  മാത്രം !  

ഒരു നാള്‍ 

ഈ ഏകാന്ത ലോകം വിട്ടു ഞാനും പോകും 
ഒരു ആത്മാവ് കൂടെ ആകാശ ഗംഗയിലേക്ക്  സ്വാഗതം ചെയ്യപ്പെടും 
മഴമേഘങ്ങള്‍ എന്‍റെ ചൈതന്യത്തെ കഴുകി ശുദ്ധമാക്കും 
ഒഴുകി ഒലിക്കുന്ന നിറ നിലാവ്  എന്‍റെ കുപ്പയമാക്കപ്പെടും 
അങ്ങിനെ ഞാനും ഒരു നക്ഷത്രമാക്കപ്പെടും !

എന്‍റെ ലോകമേ ,അന്നു നീ കാണുക,കേള്‍ക്കുക എന്‍റെ പ്രണയം 
മീനാക്ഷി ആരാണെന്നും അന്നു മാത്രം നീ അറിയുക 
അതുവരെ സ്വപ്നങ്ങളും രഹസ്യങ്ങളും എന്‍റെ മാത്രമാണ് 
എന്‍റെ മാത്രം !!!              

1 comment:

  1. ormakal.. meenakshi... nammude aa pazhaya hostel muriyil ippozhum undo aavo??

    ReplyDelete